AUEGS
A U E G S
അയ്യങ്കാളി നഗര തൊഴിലുറപ്പ്
പദ്ധതി
നഗര പ്രദേശങ്ങളിൽ വസിക്കുന്ന അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറായുള്ള ഓരോ കുടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് നൂറ് ദിവസം തൊഴിൽ ഉറപ്പാക്കുകയും അതിലൂടെ കുടുംങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയുമാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം.
കേരളത്തിലെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
a) നഗരപ്രദേശങ്ങളിൽ വസിക്കുന്ന ദുർബല കുടുംബങ്ങൾക്ക് മറ്റുതരത്തിലെ തൊഴിലുകൾ ലഭ്യമല്ലാതിരിക്കുകയും തൊഴിൽ കുറവ് വരുന്നതുമായ അവസരങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതിയാണിത്.
b) നഗരങ്ങളിൽ വസിക്കുന്ന ദരിദ്ര കുടുംബങ്ങൾക്ക് പദ്ധതിയുടെ ഭാഗമായി നിർണ്ണയിക്കപ്പെട്ട സമൂഹിക അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു.
c) നഗരസഭയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ കുടുംബത്തിനും, ഉചിതമായ അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷം 15 ദിവസത്തിനകം തൊഴിൽ കാർഡ് നല്കുന്നതാണ്.
d) തൊഴിൽ കാർഡ് ലഭിച്ച ശേഷം, കാർഡിൽ പേരുള്ള ഓരോ അംഗത്തിനും തങ്ങൾക്ക് തൊഴിലാവശ്യമുള്ള അവസരങ്ങളിൽ സ്വമേധയാ തൊഴിലിനായി നഗരസഭയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
e) പദ്ധതിയുടെ ഭാഗമായി തൊഴിൽ ലഭ്യമാക്കുന്നതിൽ വനിതകൾക്ക് മുൻഗണന ഉറപ്പാക്കും. ആകെ ലഭ്യമാക്കുന്ന തൊഴിലവസരങ്ങളുടെ 50% വനിതകൾക്കായിരിക്കും.
f) തൊഴിലിനായി സമർപ്പിക്കുന്ന അപേക്ഷയ്ക്ക് നഗരസഭ ഓഫീസ് തീയതി വച്ച് രസീത് നല്കുന്നതാണ്.
g) അപേക്ഷകരെ തൊഴിലനുവദിച്ചുകൊണ്ട് രേഖാമുലം അറിയിക്കുകയും
വിവരം നഗരസഭാ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുന്നതുമാണ്.
h) പദ്ധതിയിൽ വനിതകൾക്കും പുരുഷന്മാർക്കും തുല്യകൂലിയ്ക്ക് അർഹതയുണ്ടായിരിക്കും.
i) തൊഴിലാളിക്ക് പണി സ്ഥലത്തുവച്ച് തൊഴിലിന്റെ ഭാഗമായി മുറിവ്/അപകടം/ അസുഖം ഉണ്ടായാൽ അയാൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ലഭ്യമാക്കുന്നതാണ്.
j) തൊഴിലപകടങ്ങളുടെ ഭാഗമായി ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമായി വരുന്ന ഷട്ടത്തിൽ ആശുപത്രിയിൽ കിടക്കുന്ന അത്രയും ദിവസം തൊഴിലാളിക്ക് പദ്ധതിയിൽ അനുവദനീയമായ കൂലിയുടെ പകുതിയിൽ കുറയാത്ത തുക ദിവസ വേതനമായി ലഭിക്കാൻ അർഹതയുണ്ട്.
k) ഒരു തൊഴിലാളി പണിസ്ഥലത്തു വച്ച് തൊഴിലിന്റെ ഭാഗമായി അപകടത്തിൽ സ്ഥായിയായി വികലാംഗനാകുകയോ മരണപ്പെടുകയോ ചെയ്താൽ അയാളുടെ നിയമാനുസൃത അനന്തരാവകാശിക്ക് രൂ. 50,000 എക്സ് ഗ്രേഷ്യ തുകയായി ലഭിക്കുന്നതാണ്.
l) തൊഴിൽ സ്ഥലത്ത് തൊഴിലെടുക്കുന്നവരോടൊപ്പം 6 വയസ്സിൽ താഴെയുള്ള അഞ്ചോ അതിലധികമോ കുട്ടികൾ എത്തുകയാണെങ്കിൽ അവർക്ക് ക്രെഷ് സൗകര്യം ഒരുക്കേണ്ടതാണ്.
m) ഉത്തരവാദിത്തപരമായ പദ്ധതി നിർവ്വഹണം ഉറപ്പാക്കുന്നതിനുവേണ്ടി പരാതി പരിഹാര സംവിധാനം രൂപപ്പെടുത്തും.
n) പദ്ധതിയുടെ ഭാഗമായ എല്ലാ രേഖകളും കണക്കുകളും പൊതുരേഖയായിരിക്കും.
o) പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പ് ഓൺലൈൻ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ സഹായത്തോടെ നിർവ്വഹിക്കപ്പെടും.